Sunday, April 24, 2011

അടിമയുടെ ശമ്പളം


മിനിക്കഥ

കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങള്‍ നേടി പ്രശസ്തമായ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിക്ക് ചേരാനെത്തിയ അയാള്‍ക്ക് ഇതൊരു മധുരപ്രതികാരമാണെന്നാണ് തോന്നിയത്. തന്റെ മുത്തച്ഛന്‍മാരും പൂര്‍വികരും ഒട്ടിയ വയര്‍ നിറയ്ക്കാന്‍ തമ്പ്രാന്റെ മണ്ണില്‍ പകലന്തിയോളം അടിമപ്പണി ചെയ്തിരുന്നുവെന്ന് അയാള്‍ക്കറിയാം. തമ്പ്രാന്‍ നിശ്ചയിക്കുന്നതായിരുന്നു അന്ന് അവരുടെ ജീവിതം. ഉടുവസ്ത്രം, താമസിക്കാനുള്ള കൂര, വിവാഹം, ഈശ്വരന്‍ … എല്ലാറ്റിനും വേണം തമ്പ്രാന്റെ അനുവാദം. അടിമപ്പണിക്കെതിരേ അന്ന് ജീവന്‍ പണയം വച്ച് നടത്തിയ സമരങ്ങളുടെ കൂടി ഫലമാണല്ലോ തന്റെ ഈ നേട്ടമെന്നും അയാള്‍ ഓര്‍ത്തു.
ജോലിയുടെ സ്വഭാവം കമ്പനി മാനേജര്‍ വിശദികരിച്ചു. “താമസം കമ്പനി നിശ്ചയിക്കുന്ന ഫ്ളാറ്റില്‍. കമ്പനിയുമായി സദാസമയം ബന്ധപ്പെടാന്‍ കമ്പനി വക സെല്‍ഫോണ്‍, ലാപ്ടോപ്. വസ്ത്രധാരണം കമ്പനിയുടെ ഡ്രസ്കോഡനുസരിച്ച്. ഭക്ഷണത്തിനുള്ള മെനു കമ്പനി നിശ്ചയിക്കും. ഒഫീഷ്യല്‍ ടൂറിലാണെങ്കില്‍ താമസം, ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നു മാത്രം. സ്വന്തം ആവശ്യത്തിനാണെങ്കില്‍ പോലും ഓര്‍ഡിനറി ബസ്സിലോ ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്മെന്റിലോ യാത്ര അരുത്. കമ്പനിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ നാട്ടില്‍ പോവുകയോ വിനോദത്തിലേര്‍പ്പെടുകയോ അരുത്…”
സര്‍വീസ് റൂള്‍ വിശദീകരണം പുരോഗമിക്കവേ താനും മുത്തച്ഛന്റെ പാതയിലാണല്ലോ എന്ന തോന്നല്‍ അയാളെ വീര്‍പ്പുമുട്ടിച്ചു. ശമ്പളവും അലവന്‍സുമായി കമ്പനി വെച്ചുനീട്ടിയ വന്‍തുക ഇതൊരു അടിമപ്പണിയാണെന്ന് തോന്നാതിരിക്കാനുള്ള പ്രതിഫലമാണെന്ന് ആശ്വസിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.

കെ.പി.ബഷീര്
പൊന്നാനി

Monday, April 18, 2011

സൌഹൃദത്തിന്റെ സൈബര്‍ കവാടം തുറന്ന് ബ്ലോഗ് എഴുത്തുകാര്‍ തുഞ്ചന്റെ മണ്ണില്‍

സ്വന്തം ലേഖകന്‍ മലപ്പുറം: ബ്ളോഗിന്‍തുമ്പത്തെ രാജാക്കന്‍മാര്‍ നേരില്‍ക്കണ്ടപ്പോള്‍ ആദ്യം കൌതുകം; പിന്നീട് കൌതുകം പരിചയത്തിനു വഴിമാറി. തമാശകളായി, കഥ പറച്ചിലായി അത് 'ഭൂലോകത്തിനും മേലെ വളര്‍ന്നു. തിരൂര്‍ തുഞ്ചന്‍പറമ്പിലാണ് വിസ്മയക്കാഴ്ചയൊരുക്കി മലയാളികളായ ബ്ളോഗ് എഴുത്തുകാര്‍ സമ്മേളിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നായി 160ല്‍ അധികം ബ്ളോഗര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു. കെഎസ്ഇബിയില്‍നിന്ന് വിരമിച്ചതിനു ശേഷം 'പാലക്കാട്ടേട്ടന്‍ എന്നു പേരിട്ട ബ്ളോഗിലൂടെ 'ഒാര്‍മത്തെറ്റുകള്‍ എന്ന തന്റെ നോവലിന്റെ 134 അധ്യായങ്ങള്‍ ലോകത്തിനു മുന്നില്‍ ആവിഷ്കരിച്ച പാലക്കാട് പറളി സ്വദേശിയും അറുപത്തിമൂന്നുകാരനുമായ കേരളദാസനുണ്ണി, സ്പെഷല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് (റയില്‍വേ) ആയി വിരമിച്ച ശേഷം ബ്ളോഗിന്റെ ലോകത്ത് വിഹരിച്ചുതുടങ്ങിയ ഷെരീഫ് കൊട്ടാരക്കര തുടങ്ങിയവര്‍ മുതല്‍ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ ബ്ളോഗ് എഴുത്തുകാര്‍ നേരില്‍ക്കാണാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമായി തുഞ്ചന്‍പറമ്പിലെത്തി. ബ്ളോഗ് എഴുത്തിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും പരിപാടിക്കെത്തി. 'എന്റെ കുത്തിവരകള്‍ എന്ന ബ്ളോഗിന്റെ ഉടമ 12 വയസ്സുകാരി ഐഷാ നൌറ എത്തിയത് 'അരീക്കോടന്‍ എന്ന പേരില്‍ ബ്ളോഗ് എഴുത്തുനടത്തുന്ന പിതാവിനൊപ്പമാണ്. 'കിച്ചു എന്ന പേരില്‍ ബ്ളോഗ് എഴുതുന്നത് വഹീദയെന്ന സ്ത്രീയാണെന്നു കണ്ടപ്പോള്‍ ഏവര്‍ക്കും അതിശയം. തൃപ്പൂണിത്തുറ ആയുര്‍വേദ കോളജിലെ അസോഷ്യേറ്റ് പ്രഫ. ഡോ. ജയന്‍ ദാമോദരനെപ്പോലെയുള്ള പ്രഫഷനലുകളും സംഗമത്തില്‍ സജീവമായി. സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് വടക്കാഞ്ചേരി സ്വദേശിയായ അബ്ദുല്‍ മജീദ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്. 'ബ്ളോഗ് എഴുത്ത് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബ്ളോഗിലൂടെ പരിചയപ്പെട്ടവരെയെല്ലാം നേരില്‍ക്കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം -വാഴക്കോടന്‍ എന്ന പേരില്‍ ബ്ളോഗ് എഴുതുന്ന മജീദ് പറഞ്ഞു. ഇരുകാലുകളും തളര്‍ന്ന കായംകുളം സ്വദേശി എസ്.എം. സാദിഖ് വീല്‍ചെയറില്‍ ഇരുന്നാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. 'പൊന്മളക്കാരന്‍ എന്ന പേരില്‍ ബ്ളോഗ് ഉണ്ടെങ്കിലും ആദ്യത്തെ പോസ്റ്റ് ഇന്നലെ മാത്രം ബ്ളോഗിലിട്ട മലപ്പുറം പൊന്മള സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ എം.വി. ജയചന്ദ്രനും സംഗമത്തിനെത്തി. സംഗമത്തിനെത്തിയവരുടെ മുഴുവന്‍ കാരിക്കേച്ചറുകളും ഒറ്റയിരിപ്പില്‍ വരച്ചുതീര്‍ത്ത കാര്‍ട്ടൂണിസ്റ്റ് സജീവും സംഗമത്തിലെ വിസ്മയമായി. 'കേരള ഹഹ എന്ന ബ്ളോഗിന്റെ സ്രഷ്ടാവുകൂടിയാണ് സജീവ്. ബ്ളോഗ് എഴുത്തുകാരുടെ പുസ്തകപ്രകാശനം, വിക്കി പീഡിയ എഴുത്തിനെക്കുറിച്ചും മറ്റുമുള്ള സാങ്കേതിക ക്ളാസ് എന്നിവയും നടന്നു. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി സംഗമത്തിന് എത്തിയവരുമായി സംവദിച്ചു.
( മലയാള വനോരമ (ഏപ്രില്‍ 18, 2011)