Tuesday, January 24, 2012

ഇ മെയില്‍: പാളിപ്പോയത് ആരുടെ തന്ത്രം ?




പിടിക്കപ്പെടുമെന്ന വേളയില്‍ പിടിച്ചവനു നേരെ കള്ളന്‍, കള്ളന്‍ എന്ന ചൂണ്ടി രക്ഷപ്പെടാനുള്ള കള്ളന്റെ വ്യഗ്രതയെ ഓര്‍മിപ്പിക്കുന്നു ഇ മെയില്‍ ചോര്‍ത്തല്‍ വിവാദം. കേരളത്തിലെ 268 പേരുടെ ഇമെയില്‍ ചോര്‍ത്താനുള്ള ഇന്റലിജന്‍സ് നീക്കം പൊളിഞ്ഞുപോയതിലെ ജാള്യത വിവാദം വഴിതിരിച്ചുവിട്ടതു വഴി സാധിച്ചതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പത്ര-ചാനല്‍ വിദ്വാന്‍മാരോട് നന്ദിയുള്ളവരാവുക.
വാര്‍ത്ത പുറത്തുവന്ന വേളയില്‍ ഇ മെയില്‍ ചോര്‍ത്താനുള്ള നീക്കം തങ്ങളുടെ അറിവോടെയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും ആദ്യപ്രതികരണം. കാര്യം ഏറെ ഗൌരവമുള്ളതാണെന്ന് മനസ്സിലാക്കിയ സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണ് വിഷയം പുറത്തുകൊണ്ടുവന്ന മാധ്യമം വാരികയിലെ റിപ്പോര്‍ട്ടിലെ പിഴവുകള്‍. 268 പേരില്‍ 258 പേരും മുസ്ളീംകളായതിലെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടില്‍ മുസ്ളീംകളുടെ പേര് മാത്രം എടുത്തുനല്‍കിയതും ചില പേരുകളില്‍ വന്ന പിശകും വിവാദം വഴിതിരിച്ചുവിടാന്‍ സഹായകമായി.
ഇ മെയില്‍ ചോര്‍ത്താനുള്ള നീക്കം ആസൂത്രിത ചാരപ്പണിയും ഉത്തരേന്ത്യന്‍ മോഡല്‍ മുസ്ളിംവേട്ടയുടെ കേരളീയ പതിപ്പുമാണെന്ന സകല സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്നതാണ് അത്യന്തം ഗൌരവതരം. ഒരു കുറ്റവാളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച 268 ഇ മെയില്‍ ഐ.ഡികളില്‍ 258 ഉം മുസ്ളിംകളായിപ്പോയതില്‍ യാതൊരു അസ്വാഭാവികതയുമില്ലെന്നും ഇ മെയില്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ പോലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയും പോലീസ് ഉദ്യോഗസ്ഥരും വിശദീകരിക്കുന്നത്. ഈ ഭരണകൂട ഭാഷ്യത്തിന് വെണ്ടക്ക നിരത്തുക എന്ന കേട്ടെഴുത്ത് ജോലിക്കപ്പുറം ഒരുവിധ സംശയവുമില്ല നമ്മുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക്.
ഇന്റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രനു വേണ്ടി സൂപ്രണ്ട് കെ.കെ ജയമോഹനന്‍ പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന് നവംബറില്‍ അയച്ച കത്ത് പുറത്തായതാണ് ഇ മെയില്‍ ചോര്‍ത്തല്‍ വിവാദത്തിനാധാരം. 'സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള 268 പേരുടെ ഇ മെയില്‍ ഐ.ഡികളാണിവ എന്നും അവയുടെ രജിസ്ട്രേഷന്‍, ലോഗിന്‍ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിത്തരണമെന്നു'മാണ് കത്തിലെ മര്‍മം. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പത്രപ്രവര്‍ത്തകരും തുടങ്ങീ സാധാരണക്കാര്‍ വരെയുള്ള സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിക്കുന്നവരെയാണ് ഇന്റലിജന്‍സ് സിമി പ്രവര്‍ത്തകരുമായി ബന്ധമുള്ളവരായി മുദ്രകുത്തിയത്. ഇവരാകട്ടെ പേരിനൊരു പെറ്റിക്കേസ് പോലുമില്ലാത്തവരാണെന്നതാണ് വാസ്തവം. അഥവാ ഇന്റലിജന്‍സ് പ്രയോഗിച്ചത് ആടിനെ വേട്ടയാടാന്‍ പേപ്പട്ടിയായി മുദ്രകുത്തുക എന്ന സൂത്രം. ഈ ഗുരുതരമായ കുറ്റത്തെയാണ് മുഖ്യമന്ത്രി ഒരു ഉദ്യോഗസ്ഥന് സംഭവിച്ച പിഴവായി ലഘൂകരിച്ചത്. ഇ മെയില്‍ ഐ.ഡികള്‍ ലഭിച്ചത് ഒരു കുറ്റവാളിയെ ചോദ്യം ചെയ്തപ്പോഴാണെന്ന ഭാഷ്യവും സംശയാസ്പദമായി അവശേഷിക്കുന്നു.
ഈ ഇന്റലീജന്‍സ് നീക്കം പുറത്തറിയാതിരിക്കുകയും കാര്യങ്ങള്‍ മുറക്ക് നടക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതമൊന്ന് ചിന്തിച്ചു നോക്കുക: പോലീസ് രേഖകളില്‍ ഈ 268 പേര്‍ സിമി ബന്ധമുള്ളവരായി അഥവാ തീവ്രവാദികളായി ഇടംപിടിക്കും. തീവ്രവാദികള്‍ എന്നതിന് ഏറ്റവും വിലപ്പെട്ട തെളിവായ പോലിസ് രേഖ നിലനില്‍ക്കെ തീവ്രവവാദികളല്ല എന്ന് തെളിയിക്കാന്‍ രേഖകളൊന്നുമില്ലാതെ സ്വയം നിസ്സഹായനായും മാലോകരുടെ മുന്നില്‍ കളങ്കിതനായും ബഹിഷ്കൃതനാവാനാവും വിധി. തീവ്രവാദികളുടെ വീട്ടില്‍ ഏതു പോലീസിനും എപ്പോഴും ചെന്നു കയറാം, ഏത് രേഖകളും പിടിച്ചെടുക്കാം.
തിരുവനന്തപുരം കരിമഠം കോളനിയില്‍ നടന്ന അമേരിക്കന്‍ സര്‍വ്വേ, സോപ്പിനകത്ത് ചിപ്പ് നിക്ഷേപിച്ച് നടത്തിയ മറ്റൊരു സര്‍വ്വേ, രാഷ്ട്രീയ നേതാക്കളുടെ വിക്കീലീക്സ് വിവരക്കൈമാറ്റം തുടങ്ങീ സംഭവങ്ങളുമായി ഇ മെയില്‍ വിവാദവും ചേര്‍ത്തുവെക്കുമ്പോഴാണ് ആര്‍ക്കോ വേണ്ടിയുള്ള ചാരപ്പണി കേരളത്തില്‍ നിര്‍ബാധം നടക്കുന്നതായി സംശയം ബലപ്പെടുന്നത്. ഏറ്റവും വിപുലമായ ചാരശൃംഖലകളുമായി വിവിധ രാജ്യങ്ങളില്‍ കടന്നു കയറിയ ഇസ്രായേലിന്റെ മൊസാദിന്റെ സാന്നിധ്യം ഇന്ത്യയില്‍ വ്യാപകമാണെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. മുസ്ളിംവിരുദ്ധ പ്രത്യയശാസ്ത്രത്തില്‍ കെട്ടിപ്പടുക്കുകയും ആ പ്രത്യയശാസ്ത്രം പല ഭാവങ്ങളില്‍ വിവിധ രാഷ്ട്രങ്ങളില്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഇസ്രായേലുമായി ഇന്ത്യ സൈനിക സഹകരണത്തിന് തയ്യാറായതിന്റെ ഭവിഷ്യത്ത് ചിലരെങ്കിലും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വംശീയ മേധാവിത്വത്തിന്റെ ഇന്ത്യന്‍ പതിപ്പായ സംഘ്പരിവാരം ഇവിടെ നടപ്പാക്കുന്നതും ഈ ഹീനതന്ത്രമാണ്. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് സ്ഫോടനങ്ങളുണ്ടാകുന്നതും അവയുടെയെല്ലാം പിന്നില്‍ സ്ഥിരം ടെററിസ്റ് ഗ്രൂപ്പുകളാവുന്നതുമാണ് നടപ്പുരീതി. ഈ പതിവ് കെട്ടുകാഴ്ചയ്ക്ക് വ്യതിയാനം സംഭവിക്കുന്നത് മലേഗാവ് സ്ഫോടനക്കേസില്‍ ഹേമന്ദ് കര്‍ക്കരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലിലൂടെയായിരുന്നു. നേരത്തെ, ഇന്ത്യന്‍ മുജാഹിദ്ദീന്‍, സിമി പേരുകളില്‍ കുറ്റമാരോപിക്കുകയും നിരവധി അറസ്റുകള്‍ രേഖപ്പെടുത്തുകയും എന്നാല്‍ വ്യക്തമായ തുമ്പുണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്ത മലേഗാവ്, സംഝോത, മക്കാമസ്ജിദ് തുടങ്ങീ പത്തിലേറെ സ്ഫോടനങ്ങളാണ് ഇപ്പോള്‍ സംഘ്പരിവാരസംഘടനകളെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നത്.
കുഴപ്പമുണ്ടാക്കി കുറ്റം അന്യന്റെ തലയില്‍ ചാര്‍ത്തി നേട്ടം കൊയ്യാനുള്ള സംഘ്പരിവാര ശ്രമങ്ങള്‍ കേരളത്തില്‍ മുമ്പും നടന്നിട്ടുണ്ട്. 1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രക്കു നേരെ എറിയാന്‍ കരുതിയ ബോംബ് കയ്യില്‍ വെച്ച് പൊട്ടി ആര്‍.എസ്.എസ് നേതാവ് ശ്രീകാന്ത് കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ളൂരിലേക്ക് പുറപ്പെട്ട കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് വെച്ച സംഭവത്തില്‍ പ്രതിയായ മുന്‍സൈനികന്‍ രാജശേഖരന്‍നായരാണ് പിടിക്കപ്പെട്ടത്. ഗുജറാത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹരിദ്വാര്‍ മിത്ര മണ്ഡല്‍ എന്ന ഹിന്ദുത്വ സംഘടനയുടെ അംഗമായിട്ടും സംഭവം നിസ്സാരവല്‍കരിക്കപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതുവരെ വന്‍ തലക്കെട്ടുമായി ഇന്ത്യന്‍ മുജാഹിദ്ദീനെയും ലഷ്കറെ ത്വയ്യിബയെയും തെരഞ്ഞ പത്രങ്ങള്‍ക്കും തുടര്‍ന്ന് വന്ന വാര്‍ത്തകള്‍ അകത്തേ പേജില്‍ മൂലയിലൊതുക്കേണ്ടി വന്നു. തിരുവനന്തപുരത്ത് തപാല്‍ ബോംബ് പൊട്ടിയപ്പോഴും ആദ്യം അറസ്റ്റ് ചെയ്തത് മുഹ്സിന്‍ എന്ന ചെറുപ്പക്കരനെയായിരുന്നു. അയാളെ വെച്ച് ഭീകര കഥകള്‍ നെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ഒടുവില്‍ യഥാര്‍ത്ഥ പ്രതി രാകേശ് ശര്‍മ പിടിക്കപ്പെട്ടപ്പോള്‍ ഒരു മനോവിഭ്രാന്തിയുടെ നിസ്സാര ചെയ്തിയായാണ് പോലീസും മാധ്യമങ്ങളും അവതരിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍, കോളിളക്കമുണ്ടാക്കിയ ലൌജിഹാദ് സംഭവവും ഇതിന്റെ തനിയാവര്‍ത്തനമാണ്. ഏതോ ഹിന്ദുത്വ തലച്ചോറിലുദിച്ച ഒരു കെട്ടുകഥ പൊടിപ്പും തൊങ്ങളും വെച്ച് തുടര്‍പരമ്പരകളായി നമുക്ക് വിളമ്പിത്തരുന്നതില്‍ മാധ്യമങ്ങള്‍ മല്‍സരിച്ചതിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ല. ഹിന്ദു-കൃസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റി ജിഹാദികള്‍ നാടുകടത്തിക്കൊണ്ടുപൊയതിന്റെ കഥകള്‍ക്ക് അച്ചുനിരത്തിയപ്പോള്‍ 2600 മുതല്‍ 4000 വരെയായിരുന്നു വിവിധ പത്രങ്ങള്‍ നല്‍കിയ കാണാതായവരുടെ കണക്ക്. എന്നാല്‍ കാണാതായ നാല് പേരുടെ പോലും പേരോ വിലാസമോ രക്ഷിതാക്കളുടെ പരാതിയോ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലുമില്ല എന്ന് ഹൈക്കോടതി മുമ്പാകെ ഡി.ജി.പിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. തികച്ചും നിരുത്തരവാദപരമായ അപസര്‍പ്പക കഥകള്‍ വിളമ്പി സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടിയ മാധ്യമങ്ങള്‍ക്ക് അതിന്റെ പേരില്‍ ഒരു പശ്ചാത്താപവുമില്ല.
സമുദായത്തിന്റെ ചെലവില്‍ നിലനില്‍ക്കുകയും സമുദായത്തിന്റെ പിന്തുണയില്‍ അധികാരത്തിലേറുകയും ചെയ്യുന്ന മുസ്ളിംലീഗിന്റെ ഗതികേട് കൂടി ഇ മെയില്‍ വിവാദത്തില്‍ വെളിപ്പെടുന്നു. ഉമ്മന്‍ചാണ്ടി മുന്നണിയിലെ പ്രബലകക്ഷി എന്ന നിലക്ക് സര്‍ക്കാരിനെ ന്യായീകരിക്കുക എന്നതിലപ്പുറം സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന അന്വേഷണത്തിന് ആവശ്യപ്പെടാന്‍ പോലും ലീഗ് തയ്യാറല്ല. തങ്ങളുടെ നിലപാടുകളോട് വിയോജിക്കുന്ന മുഴുവന്‍ രാഷ്ട്രീയ സംഘടനകളെയും തീവ്രവാദികളെന്ന് മുദ്രകുത്തി പ്രതിരോധിക്കുന്ന മുസ്ളിംലീഗിന്റെ തന്ത്രം തിരിച്ചറിയപ്പെടേണ്ടതുണ്ട്.