
മിനിക്കഥ
കഷ്ടപ്പെട്ട് പഠിച്ച് ബിരുദങ്ങള്‍ നേടി പ്രശസ്തമായ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിക്ക് ചേരാനെത്തിയ അയാള്‍ക്ക് ഇതൊരു മധുരപ്രതികാരമാണെന്നാണ് തോന്നിയത്. തന്റെ മുത്തച്ഛന്മാരും പൂര്‍വികരും ഒട്ടിയ വയര്‍ നിറയ്ക്കാന്‍ തമ്പ്രാന്റെ മണ്ണില്‍ പകലന്തിയോളം അടിമപ്പണി ചെയ്തിരുന്നുവെന്ന് അയാള്‍ക്കറിയാം. തമ്പ്രാന് നിശ്ചയിക്കുന്നതായിരുന്നു അന്ന് അവരുടെ ജീവിതം. ഉടുവസ്ത്രം, താമസിക്കാനുള്ള കൂര, വിവാഹം, ഈശ്വരന് … എല്ലാറ്റിനും വേണം തമ്പ്രാന്റെ അനുവാദം. അടിമപ്പണിക്കെതിരേ അന്ന് ജീവന് പണയം വച്ച് നടത്തിയ സമരങ്ങളുടെ കൂടി ഫലമാണല്ലോ തന്റെ ഈ നേട്ടമെന്നും അയാള്‍ ഓര്‍ത്തു.
ജോലിയുടെ സ്വഭാവം കമ്പനി മാനേജര്‍ വിശദികരിച്ചു. “താമസം കമ്പനി നിശ്ചയിക്കുന്ന ഫ്ളാറ്റില്‍. കമ്പനിയുമായി സദാസമയം ബന്ധപ്പെടാന്‍ കമ്പനി വക സെല്‍ഫോണ്‍, ലാപ്ടോപ്. വസ്ത്രധാരണം കമ്പനിയുടെ ഡ്രസ്കോഡനുസരിച്ച്. ഭക്ഷണത്തിനുള്ള മെനു കമ്പനി നിശ്ചയിക്കും. ഒഫീഷ്യല്‍ ടൂറിലാണെങ്കില്‍ താമസം, ഭക്ഷണം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നു മാത്രം. സ്വന്തം ആവശ്യത്തിനാണെങ്കില് പോലും ഓര്‍ഡിനറി ബസ്സിലോ ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്മെന്റിലോ യാത്ര അരുത്. കമ്പനിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ നാട്ടില്‍ പോവുകയോ വിനോദത്തിലേര്‍പ്പെടുകയോ അരുത്…”
സര്‍വീസ് റൂള്‍ വിശദീകരണം പുരോഗമിക്കവേ താനും മുത്തച്ഛന്റെ പാതയിലാണല്ലോ എന്ന തോന്നല്‍ അയാളെ വീര്‍പ്പുമുട്ടിച്ചു. ശമ്പളവും അലവന്‍സുമായി കമ്പനി വെച്ചുനീട്ടിയ വന്‍തുക ഇതൊരു അടിമപ്പണിയാണെന്ന് തോന്നാതിരിക്കാനുള്ള പ്രതിഫലമാണെന്ന് ആശ്വസിക്കാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.
കെ.പി.ബഷീര്‍
പൊന്നാനി