Monday, April 18, 2011

സൌഹൃദത്തിന്റെ സൈബര്‍ കവാടം തുറന്ന് ബ്ലോഗ് എഴുത്തുകാര്‍ തുഞ്ചന്റെ മണ്ണില്‍

സ്വന്തം ലേഖകന്‍ മലപ്പുറം: ബ്ളോഗിന്‍തുമ്പത്തെ രാജാക്കന്‍മാര്‍ നേരില്‍ക്കണ്ടപ്പോള്‍ ആദ്യം കൌതുകം; പിന്നീട് കൌതുകം പരിചയത്തിനു വഴിമാറി. തമാശകളായി, കഥ പറച്ചിലായി അത് 'ഭൂലോകത്തിനും മേലെ വളര്‍ന്നു. തിരൂര്‍ തുഞ്ചന്‍പറമ്പിലാണ് വിസ്മയക്കാഴ്ചയൊരുക്കി മലയാളികളായ ബ്ളോഗ് എഴുത്തുകാര്‍ സമ്മേളിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍നിന്നായി 160ല്‍ അധികം ബ്ളോഗര്‍മാര്‍ സംഗമത്തില്‍ പങ്കെടുത്തു. കെഎസ്ഇബിയില്‍നിന്ന് വിരമിച്ചതിനു ശേഷം 'പാലക്കാട്ടേട്ടന്‍ എന്നു പേരിട്ട ബ്ളോഗിലൂടെ 'ഒാര്‍മത്തെറ്റുകള്‍ എന്ന തന്റെ നോവലിന്റെ 134 അധ്യായങ്ങള്‍ ലോകത്തിനു മുന്നില്‍ ആവിഷ്കരിച്ച പാലക്കാട് പറളി സ്വദേശിയും അറുപത്തിമൂന്നുകാരനുമായ കേരളദാസനുണ്ണി, സ്പെഷല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് (റയില്‍വേ) ആയി വിരമിച്ച ശേഷം ബ്ളോഗിന്റെ ലോകത്ത് വിഹരിച്ചുതുടങ്ങിയ ഷെരീഫ് കൊട്ടാരക്കര തുടങ്ങിയവര്‍ മുതല്‍ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ ബ്ളോഗ് എഴുത്തുകാര്‍ നേരില്‍ക്കാണാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമായി തുഞ്ചന്‍പറമ്പിലെത്തി. ബ്ളോഗ് എഴുത്തിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും പരിപാടിക്കെത്തി. 'എന്റെ കുത്തിവരകള്‍ എന്ന ബ്ളോഗിന്റെ ഉടമ 12 വയസ്സുകാരി ഐഷാ നൌറ എത്തിയത് 'അരീക്കോടന്‍ എന്ന പേരില്‍ ബ്ളോഗ് എഴുത്തുനടത്തുന്ന പിതാവിനൊപ്പമാണ്. 'കിച്ചു എന്ന പേരില്‍ ബ്ളോഗ് എഴുതുന്നത് വഹീദയെന്ന സ്ത്രീയാണെന്നു കണ്ടപ്പോള്‍ ഏവര്‍ക്കും അതിശയം. തൃപ്പൂണിത്തുറ ആയുര്‍വേദ കോളജിലെ അസോഷ്യേറ്റ് പ്രഫ. ഡോ. ജയന്‍ ദാമോദരനെപ്പോലെയുള്ള പ്രഫഷനലുകളും സംഗമത്തില്‍ സജീവമായി. സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് വടക്കാഞ്ചേരി സ്വദേശിയായ അബ്ദുല്‍ മജീദ് ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയത്. 'ബ്ളോഗ് എഴുത്ത് തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ബ്ളോഗിലൂടെ പരിചയപ്പെട്ടവരെയെല്ലാം നേരില്‍ക്കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം -വാഴക്കോടന്‍ എന്ന പേരില്‍ ബ്ളോഗ് എഴുതുന്ന മജീദ് പറഞ്ഞു. ഇരുകാലുകളും തളര്‍ന്ന കായംകുളം സ്വദേശി എസ്.എം. സാദിഖ് വീല്‍ചെയറില്‍ ഇരുന്നാണ് സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്. 'പൊന്മളക്കാരന്‍ എന്ന പേരില്‍ ബ്ളോഗ് ഉണ്ടെങ്കിലും ആദ്യത്തെ പോസ്റ്റ് ഇന്നലെ മാത്രം ബ്ളോഗിലിട്ട മലപ്പുറം പൊന്മള സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ എം.വി. ജയചന്ദ്രനും സംഗമത്തിനെത്തി. സംഗമത്തിനെത്തിയവരുടെ മുഴുവന്‍ കാരിക്കേച്ചറുകളും ഒറ്റയിരിപ്പില്‍ വരച്ചുതീര്‍ത്ത കാര്‍ട്ടൂണിസ്റ്റ് സജീവും സംഗമത്തിലെ വിസ്മയമായി. 'കേരള ഹഹ എന്ന ബ്ളോഗിന്റെ സ്രഷ്ടാവുകൂടിയാണ് സജീവ്. ബ്ളോഗ് എഴുത്തുകാരുടെ പുസ്തകപ്രകാശനം, വിക്കി പീഡിയ എഴുത്തിനെക്കുറിച്ചും മറ്റുമുള്ള സാങ്കേതിക ക്ളാസ് എന്നിവയും നടന്നു. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി സംഗമത്തിന് എത്തിയവരുമായി സംവദിച്ചു.
( മലയാള വനോരമ (ഏപ്രില്‍ 18, 2011)

4 comments:

  1. ബഷീര്‍,
    ബൂലോകത്തേക്ക് സ്വാഗതം!
    ഇത്തിരിവെട്ടം ഒത്തിരി വെട്ടം ചൊരിയട്ടെ..
    ആശംസകള്‍!

    ReplyDelete
  2. basheerkka, thudamgi alley/ NAMMALUM UND PINNALE KANAM.

    ReplyDelete