Tuesday, June 7, 2011

ജനാധിപത്യ ഇന്ത്യ !



ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാലുള്ള ഭരണം. ഇല്ല, ഇതിലും മഹിത ആശയം.
നമ്മുടേത് കോര്‍പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും മാഫിയാ തലവന്‍മാര്‍ക്കും വേണ്ടിയുള്ള ഭരണമെന്ന് ആര്‍ക്കാണറിയാത്തത് ?
നിരപരാധികളും ചെറുകുറ്റവാളികളും വര്‍ഷങ്ങളോളം കഠിനതടവില്‍ കഴിയട്ടെ.
നമ്മുടെ കല്‍തുറുങ്കുകള്‍ നൂറും ഇരുനൂറും രൂപ കൈക്കൂലി വാങ്ങിയ അത്താഴപ്പട്ടിണിക്കാര്‍ക്കു വേണ്ടിയുള്ളതാണ്. വന്‍ അഴിമതിക്കാരും കള്ളപ്പണക്കാരും മാഫിയാതലവന്‍മാരും അധികാരത്തിന്റെ ശീതളച്ഛായയില്‍ വിലസട്ടെ.
അക്കങ്ങളോടൊപ്പം ഇത്രയേറെ പൂജ്യങ്ങള്‍ ഇതിനു മുമ്പ് കണ്ടത് സ്കൂള്‍ ക്ളാസുകളിലെ നേരംപോക്ക് വേളയിലാണ്. പുറത്ത് വന്ന അഴിമതിയുടെ പെരുക്കം കണ്ട് ഞെട്ടുന്നവര്‍ അറിയുക ഇത് വലിയൊരു മഞ്ഞുമലയുടെ ചെറിയൊരഗ്രം മാത്രം.
നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്‍മാരെന്ന് വീമ്പിളക്കുന്നത് ഭരണാധിപന്‍മാര്‍ക്കൊരു നിയമം, ഇവരെയൊക്കെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാര്‍ക്കൊരു നിയമം എന്ന് പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാജ്യത്താണ്.
ഭൂരിപക്ഷം ജനങ്ങളും ദരിദ്രനാരായണന്‍മാരായ രാജ്യത്ത് 8 കൊല്ലം കൊണ്ട് 4.8 ലക്ഷം കോടി രൂപയാണത്രെ കള്ളപ്പണമായി വിദേശ ബാങ്കുകളിലേക്കൊഴുകിയത്. 8 വര്‍ഷത്തെ കണക്കാണ് ഇത് എങ്കില്‍ 60 വര്‍ഷത്തെ കണക്ക് ???
ഉത്തരവാദിത്വമുള്ള ഭരണാധികാരികള്‍ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് ബാബാരാംദേവിനെ പോലുള്ള കപട-കോമാളി വേഷങ്ങള്‍ അരങ്ങത്തെത്തുന്നത്.
വിദേശത്ത് നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ വിവരം പുറത്ത് പറയില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ധാര്‍ഷ്ട്യം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ജനകോടികളോടുള്ള വെല്ലുവിളിയാണ്. ആണ്ടറുതിയില്‍ പോളിങ്ബൂത്തുകളില്‍ ചെന്ന് ജനാധിപത്യത്തിലെ 'കടമ' നിര്‍വഹിക്കാന്‍ വിധിക്കപ്പെട്ട വോട്ടര്‍മാര്‍ എന്ന സാക്ഷാല്‍ കഴുതകളോടുള്ള വെല്ലുവിളി.
നാം കഴുതകളല്ലെന്ന് ഭരണകൂടം തിരിച്ചറിയുന്ന കാലമുണ്ടെങ്കില്‍ അതുവരെ തുടരട്ടെ ഈ പൊറാട്ടുനാടകം.



ബഷീര്‍

No comments:

Post a Comment